National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിനെ തഴുകി നിർമല സീതരാമന്റെ കേന്ദ്ര ബജറ്റ്. ഗുജറാത്തിലെ സൂറത്തിനെയും ബംഗാളിലെ ഡാൻകുനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴി, ദുർഗാപുരിലെ കിഴക്കൻ തീര വ്യാവസായിക ഇടനാഴി, ടൂറിസം കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ എന്നിവയാണ് ബംഗാളിനായുള്ള പ്രധാന ബജറ്റ് നിർദേശങ്ങൾ.
ഡാൻകുനി-സൂറത്ത് ചരക്ക് ഇടനാഴിയാണ് ഈ ബജറ്റ് നിർദേശങ്ങളിലെ പ്രധാനപ്പെട്ടതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇടനാഴിയെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ചരക്ക് ഇടനാഴി വഴിയൊരുക്കുമെന്നാണു കേന്ദ്രത്തിന്റെ വാദം.
എന്നാൽ, ബിഹാറിന് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചതുപോലെ ഇത്തവണയുണ്ടായിട്ടില്ല.
വിമാനത്താവള വികസനം മുതൽ ജലസേചന, വ്യാവസായിക പദ്ധതികൾ വരെ ബിഹാറിനായി കഴിഞ്ഞ വർഷം കേന്ദ്ര ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളാണുണ്ടായത്. ഇത് ബജറ്റിനു മുൻപ് വലിയ പ്രതീക്ഷയ്ക്ക് ഇടനൽകിയിരുന്നു. ബംഗാളിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നൽകിയത് നേട്ടമായി.
എന്നാൽ കേന്ദ്ര ബജറ്റ് ബംഗാളിനെ അവഗണിച്ചെന്നാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നു തൃണമൂൽ പറഞ്ഞു. തലക്കെട്ടുകൾക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി ആരോപിച്ചു.
National
കോൽക്കത്ത: ബിഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞതു പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ ആവശ്യമാണെന്നും ബംഗാളിൽ നടത്തിയ റാലയിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിൽ എൻഡിഎയ്ക്ക് വോട്ട് നൽകി ജംഗിൾ രാജിനെ അവിടുത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബംഗാളിൽ തുടരുന്ന മഹാജംഗിൾ രാജിനെയും ജനങ്ങൾ തുടച്ചുനീക്കണമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്.
കനത്ത മൂടൽ മഞ്ഞുകാരണം റാണഘട്ടിൽ നടത്തിയ റാലികളിൽ നേരിട്ട് പങ്കെടുക്കാൻ മോദിക്കായില്ല. മഞ്ഞുകാരണം ഹെലികോപ്റ്ററിന് താഹെർപൂരിൽ ഇറങ്ങാനായില്ല. തുടർന്ന് കോൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ഫോണിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ അന്തരിച്ച സിപിഎം നേതാവ് ബിജോൻ മുഖോപാധ്യായയുടെ കുടുംബവീട്ടിൽനിന്നു തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അശോക്നഗറിനടുത്ത് കല്യാൺഗഡിലെ ഏഴാം വാർഡിലുള്ള പഴയ വീട് പൊളിച്ചുമാറ്റി മണ്ണ് നീക്കുന്നതിനിടെയാണു തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
ഇപ്പോൾ മകളുടെ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചുമാറ്റി പുതിയ വീടിനായി മണ്ണ് കുഴിക്കുന്നതിനിടെ ആദ്യം രണ്ട് തലയോട്ടികളാണു ലഭിച്ചത്. കുഴിക്കൽ തുടർന്നതോടെ കൂടുതൽ അസ്ഥികൂടങ്ങൾ ലഭിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. അസ്ഥികൂടങ്ങൾക്ക് വളരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽനിന്നു ലഭിക്കുന്ന വിവരമെന്ന് പോലീസ് പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം ഫോറൻസിക് പരിശോധനയിലൂടെയേ വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു. ബെഡ് റൂമിന്റെ ഭാഗത്തുനിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം മുതൽ ബിജോൻ മുഖോപാധ്യായയും കുടുംബവും ഇവിടെ താമസിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മരണത്തോടെ 2013മുതൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു വെന്നും തൊട്ടടുത്തു താമസിക്കുന്ന ബന്ധു ആഷിഷ് മുഖർജിയും ഭാര്യ മൗസമി മുഖർജിയും പറഞ്ഞു.
പിന്നീട് വീടും സ്ഥലവും മകളുടെ പേരിലായി. മകൾ ഇടയ്ക്ക് ഇവിടെവന്നു താമസിക്കാറുണ്ടായിരുന്നുവെന്നും പഴയ വീട് പൊളിച്ചുമാറ്റി പുതിയതു നിർമിക്കാൻ കരാർ നൽകുകയായിരുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമെന്ന് തൃണമൂൽ എംഎൽഎ
അധകാരത്തിലിരിക്കെ സിപിഎം ബംഗാളിൽ നടത്തിയ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമാണ് തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം വ്യക്തമാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ നാരായണ ഗോസ്വാമി ആരോപിച്ചു. ഒരു നാൾ അശോക് നഗറിനെയും ഹൗറയെയും വിറപ്പിച്ച നേതാവായിരുന്നു ബിജൻ മുഖർജി.
1980കളിൽ അവരുടെ ഗുണ്ടാസംഘം നിരവധി കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കി. മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടി. ഈ അസ്ഥികൂടങ്ങൾ അതിന്റെ തെളിവാണെന്ന് നാരായണ ഗോസ്വാമി പറഞ്ഞു. പ്രദേശത്തെ ഒരു വാട്ടർ ടാങ്കിൽനിന്ന് 2002ൽ അജ്ഞാതമൃതദേഹം കണ്ടെത്തിയിരുന്നുവെന്നും ഗോസ്വാമി പറഞ്ഞു.
2002ലും സമാന സംഭവം
ബംഗാളിലെ മറ്റൊരു സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഷാന്താ ഘോഷിന്റെ വെസ്റ്റ് മിഡ്നാപ്പുർ ജില്ലയിലെ വീട്ടിൽനിന്ന് 2002 ജൂണിൽ മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയതിനു പിന്നാലെ2011 ഓഗസ്റ്റിൽ ഘോഷിനെയും ഭാര്യയും പോലീസ് അറസ്റ്റ് ചെയ്തു.
കണ്ടെത്തിയ ഏഴ് അസ്ഥികൂടങ്ങളിലൊന്ന് തൃണമൂൽ പ്രവർത്തകനായിരുന്ന അജയ് അചാര്യയുടേതായിരുന്നു. 2002 സെപ്റ്റംബർ മുതൽ കാണാതായ അജയ് ആചാര്യയുടേതാണു അസ്ഥികൂടങ്ങളെന്ന് പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലും തെളിഞ്ഞു.
2012 ഫെബ്രുവരി മൂന്നിന് സുഷാന്താ ഘോഷിന് സുപ്രീംകോടതി ജാമ്യം നൽകി. സ്വന്തം ജില്ലയായ പടിഞ്ഞാറൻ മിഡ്നാപ്പുരിലേക്കും പ്രതിനിധീകരിക്കുന്ന ഗാർബെത മണ്ഡലത്തിലേക്കും പോകരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
സുപ്രീംകോടതിയിൽനിന്ന് ഇളവ് നേടി 2020ലാണ് ഇദ്ദേഹത്തിനു സ്വന്തം മണ്ഡലത്തിൽ എത്താനായത്. ഇദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാൾ. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കാനുള്ള തന്ത്രങ്ങൾ ബിജെപിയുടെ അണിയറയിൽ ഒരുങ്ങുകയാണ്.
ഇതിന്റെ സൂചനകൾ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണെന്ന് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബംഗളുമായി അതിർത്തി പങ്കിടുന്ന സീമാഞ്ചൽ മേഖലയിലും എൻഡിഎയ്ക്ക് വിജയിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും റെഡാറിലുള്ള സംസ്ഥാനമാണ് ബംഗാൾ. നിലവിലെ നിയമസഭയിൽ ബിജെപിക്ക് 65 എംഎൽഎമാരുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 12 എംപിമാരെ വിജയിപ്പിക്കാനും അവർക്കായി.
2026ൽ നിലവിലെ നിയമസഭയുടെ കാലാവധി കഴിയും. ഭരണവിരുദ്ധവികാരം പരമാവധി വോട്ടാക്കി മാറ്റാമെന്നും അങ്ങനെ ഭരണം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിഹാറിലെയും ഹരിയാനയിലെയും വിജയവും അവർക്ക് ആത്മവിശ്വാസം നൽകുന്നു.
ഈ സാഹചര്യത്തിൽ താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അടുത്ത തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള ഗ്രൗണ്ടവർക്കുകളും അവർ തുടങ്ങിക്കഴിഞ്ഞു.